കുതിരാനിൽ ​ഗത​ഗത കുരുക്ക് ; ചരക്ക് വാഹനങ്ങളുടെ നിയന്ത്രണം ആലോചനയിൽ

Traffic Block in Kuthiran Tuunel : Plan to control freight vehicles

ഗതാഗത നിയന്ത്രണ നടപടികളിലെ പോരായ്മയാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് നാട്ടുകാർ.പരിഹരിക്കാൻ ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ ആലോചന. തൃശ്ശൂർ, പാലക്കാട് , എറണാകുളം കളക്ടർമാർ യോഗം ചേർന്ന് ഉടൻ തീരുമാനമെന്ന് റവന്യൂ മന്ത്രി കെ രാജൻ. രണ്ടാം തുരങ്കം അടുത്ത വർഷമാദ്യം.

കുതിരാൻ തുരങ്കത്തിൽ വൻ ഗതാഗതക്കുരുക്ക്. തൃശ്ശൂരിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വഴിയിൽ കുതിരാൻ മുതൽ താണിപ്പാടം വരെ വരുന്ന മൂന്ന് കിലോ മീറ്ററോളം ദൂരമാണ് വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ടത്.

രണ്ടാം തുരങ്കം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതല്‍ കുതിരാൻ തുരങ്കത്തിൽ ഇരുവശത്തോട്ടും വാഹനങ്ങൾ കടത്തിവിട്ടിരുന്നു. രണ്ടാം തുരങ്കത്തിന്റെ നിർമാണം പൂർത്തീകരിക്കണമെങ്കിൽ ദേശീയ പാതയിലെ പഴയ റോഡ് പൊളിക്കണമെന്നും അപ്പോൾ ഗതാഗതം തുടരാൻ നിലവിലെ തുരങ്കത്തിനെ ആശ്രയിക്കേണ്ടത് ആവശ്യമായതിനാലാണ് തുരങ്കത്തിൽ രണ്ട് വരി ഗതാഗതം ഏർപ്പെടുത്തിയത്. 

ഇതിന്റെ ട്രയൽ റൺ നടപ്പാക്കിയ മൂന്ന് ദിവസങ്ങളിലും മണിക്കൂറുകൾ നീണ്ട കുരുക്കാണ് കുതിരാനിൽ അനുഭവപ്പെട്ടത്. ഗതാഗത നിയന്ത്രണ നടപടികളിലെ പോരായ്മയാണ് ഗതാഗതക്കുരുക്കിന് കാരണമെന്നും പഴയ പാതയിലൂടെ തന്നെ ഗതാഗതം തിരിച്ചുവിട്ട് ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ഭാരമേറിയ വാഹനങ്ങൾ വഴുക്കുംപാറയിൽ നിന്ന് കയറ്റം കയറി തുരങ്കമെടുക്കാൻ എടുക്കുന്ന സമയവും മൂന്ന് വഴിയിലൂടെ വരുന്ന വാഹനങ്ങൾ ഒറ്റ വരിയിലേക്ക് വരുമ്പോൾ ഉണ്ടാകുന്ന വാഹനപ്പെരുപ്പവും കൊണ്ടാണ് കുരുക്ക് രൂക്ഷമാകുന്നത്. വൈകീട്ട് നാല് മണി മുതൽ 8 മണി വരെ ചരക്ക് വാഹനങ്ങൾക്ക്  നിയന്ത്രണം ഏർപ്പെടുത്തി കുരുക്കിന് പരിഹാരം കാണാനാണ് അധികൃതരുടെ ആലോചന. ഇതിനായി തൃശ്ശൂർ, പാലക്കാട് , എറണാകുളം ജില്ലാ  കളക്ടർമാരുടെ അടിയന്തരയോഗം ചേർന്ന് ഉടൻ തീരുമാനമെടുക്കുമെന്നും രണ്ടാം തുരങ്കം അടുത്ത വർഷമാദ്യം തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.

തുരങ്കത്തിനകത്തും, നിർമ്മാണം നടക്കുന്ന റോഡിലും ഒരു കാരണവശാലും വാഹനങ്ങളുടെ ഓവർടേക്കിങ്ങ് അനുവദിക്കുകയില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മുഴുവൻ സമയവും തുരങ്കത്തിനകത്തും റോഡുകളിലും പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ട്. കുതിരാൻ തുരങ്ക നിർമ്മാണ സ്ഥലത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂമും  തുരങ്കത്തിന് ഇരുവശവും ആംബുലൻസ് സംവിധാനവും ക്രെയിൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. 

Comments

    Leave a Comment