രാഹുൽ ഗാന്ധിക്ക് ആശ്വാസം, കോടതിയിൽ നടന്ന വാദപ്രതിവാദങ്ങൾ, പ്രതികരണങ്ങൾ എന്നിവ അറിയാം
ന്യൂ ഡൽഹി : അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ്. ഇന്ന് സുപ്രീം കോടതിയിൽ നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് ശിക്ഷാ വിധി സ്റ്റേ ചെയ്തത്.
പരമാവധി ശിക്ഷ എന്തിനാണ് നൽകിയതെന്ന് വിചാരണ കോടതി വ്യക്തമാക്കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷാ വിധി സ്റ്റേ ചെയ്തത്. ശിക്ഷാ വിധി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിക്ക് എംപിയായി തുടരാൻ സാധിക്കും. വയനാട് എം പി ആയായിരുന്ന രാഹുൽ ഗാന്ധിയെ കേസിലെ വിധിക്ക് പിന്നാലെ എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയിരുന്നു.
രാഹുലിനായി മനു അഭിഷേക് സിംഗ്‌വി കോടതിയിൽ വാദിച്ചപ്പോൾ പരാതിക്കാരന് വേണ്ടി അഭിഭാഷകൻ മഹേഷ് ജത്മലാനിയാണ് ഹാജരായത്. പ്രധാനമന്ത്രിയോടുള്ള വിരോധത്തെ ഒരു സമുദായത്തെ മുഴുവനായി അധിക്ഷേപിക്കാൻ ഉപയോഗിച്ചുവെന്നും മനപൂർവ്വമാണ് രാഹുൽ പ്രസ്താവന നടത്തിയത് എന്നും മഹേഷ് ജത്മലാനി വാദിച്ചപ്പോൾ താൻ ഒരു കുറ്റവാളി അല്ല എന്നും ജനാധിപത്യത്തിലെ വിയോജിപ്പാണ് പ്രകടിപ്പിച്ചത് എന്നും രാഹുൽ പറഞ്ഞു.
എന്നാൽ എന്തുകൊണ്ട് പരമാവധി ശിക്ഷ നൽകിയെന്ന് വിചാരണക്കോടതി വിശദീകരിക്കേണ്ടതുണ്ടെന്ന് ചൂണ്ടികാട്ടിയ സുപ്രീം കോടതി, ഒരു വർഷവും 11 മാസവും ശിക്ഷിച്ചാൽ പോലും രാഹുൽ ഗാന്ധി അയോഗ്യനാവില്ലായിരുന്നു എന്നും സുപ്രീം കോടതി ചൂണ്ടികാട്ടി. മണ്ഡലം ഒഴിഞ്ഞ് കിടക്കുന്നത് ജനങ്ങളുടെ അവകാശത്തെ ബാധിക്കില്ലേയെന്നും കോടതി ചോദിച്ച ശേഷം പരമാവധി ശിക്ഷയെന്ന കീഴ്ക്കോടതി വിധി സ്റ്റേ ചെയ്തതായി അറിയിച്ച സുപ്രീം കോടതി രാഹുൽ ഗാന്ധിയുടെ വാക്കുകൾ നല്ല അഭിരുചി ഉള്ളതല്ലെന്നതായിരുന്നു എന്നും പൊതുജീവിതത്തിലുള്ള ഒരാൾ പൊതുപ്രസംഗങ്ങൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധാലുവായിരിക്കണമെന്നും നിരീക്ഷിച്ചു.
അയോഗ്യത നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ, ഇന്നല്ലങ്കിൽ നാളെ സത്യം ജയിക്കുമെന്നും എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് എനിക്ക് വ്യക്തതയുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളെനിക്ക് വലിയ പിന്തുണ നൽകിയെന്നും ആ പിന്തുണയ്ക്കും സ്നേഹത്തിനും ഈ അവസരത്തിൽ എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.














Comments