പുതിയ പാർലമെൻറ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; പ്രതിപക്ഷം ബഹിഷ്ക്കരിക്കും.

PM Modi will inaugurate new Parliament Building :19 Opposition parties to boycott

ജവഹർലാൽ നെഹ്റു സ്വാതന്ത്ര്യരാത്രിയിൽ സ്വീകരിച്ച ചെങ്കോൽ സ്ഥാപിച്ചായിരിക്കും ഉദ്ഘാടനം. ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് 19 പാർട്ടികൾ സംയുക്ത പ്രസ്താവനയിറക്കി.

ബ്രിട്ടീഷ് ആർക്കിടെക്റ്റുകളായ എഡ്വിൻ ല്യുട്ടൻസും ഹെർബർട്ട് ബേക്കറും രൂപകൽപ്പന ചെയ്ത,  76 വർഷമായി ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അടയാളമായ ഇപ്പോഴുളള പാർലമെന്‍റ് മന്ദിരത്തിൽ നിന്ന്, രാജ്യം പുതിയൊരു മന്ദിരത്തിലേക്ക് വാതിൽ തുറക്കുകയാണ്.

പുതിയ പാർലമെൻറ് മന്ദിരം ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് ലോക്സഭ സെക്രട്ടറി ജനറൽ എംപിമാ‍‌‍ർക്ക് ഓദ്യോഗികമായി കത്തയച്ചു തുടങ്ങി. ലോക്സഭാ സ്പീക്കറുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നാണ് കത്തിൽ സൂചിപ്പിച്ചിട്ടുള്ളത്.

അതെ സമയം പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എൻസിപി, എസ് പി, ആർജെഡി, സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാർക്കണ്ട് മുക്തി മോർച്ച, നാഷണൽ കോൺഫറൻസ്, കേരളാ കോൺഗ്രസ് എം, ആർഎസ്പി, രാഷ്ട്രീയ ലോക്ദൾ, വിടുതലൈ ചിരുതൈഗൽ കച്ചി, എംഡിഎംകെ അടക്കം 19 പാർട്ടികൾ സംയുക്ത പ്രസ്താവനയിറക്കി. അതേ സമയം, ബി ആർ എസ്, ബിജു ജനതാദൾ, വൈ എസ് ആർ കോൺഗ്രസ് എന്നീ പാർട്ടികൾ ഇതുവരെയും നിലപാടറിയിച്ചിട്ടില്ല.

എന്നാൽ പ്രതിപക്ഷ ബഹിഷ്ക്കരണത്തിനിടെ പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ,
ജവഹർലാൽ നെഹ്റു സ്വാതന്ത്ര്യരാത്രിയിൽ സ്വീകരിച്ച ചെങ്കോൽ വീണ്ടും ദില്ലിയിലെത്തിച്ച് ലോക്സഭയിൽ സ്ഥാപിച്ച് ചെയ്യുമെന്ന് വീണ്ടും  കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.

വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയ്ക്ക് അധികാരം കൈമാറുന്ന സമയത്ത്  തമിഴ്നാട്ടിലെ തിരുവാടുതുറൈ അധീനം എന്ന സന്ന്യാസി മഠത്തിൽ നിർമിച്ച ചെങ്കോൽ, സന്ന്യാസിമാർ ആദ്യം മൗണ്ട് ബാറ്റണ് നൽകുകയും പിന്നീട് തിരിച്ചുവാങ്ങി, ആഗസ്റ്റ് പതിനാല് രാത്രി പതിനൊന്ന് നാല്പത്തിയഞ്ചിന് ജവഹർലാൽ നെഹ്റു സന്യാസിമാരിൽ നിന്നും ചെങ്കോൽ സ്വീകരിക്കുകയും ചെയ്തു. നിലവിൽ അലഹബാദിലുള്ള  അധികാര കൈമാറ്റത്തിൻറെ പ്രതീകമായി ഈ ചെങ്കോൽ പുതിയ പാർലമെൻറ് മന്ദിരത്തിൽ സ്ഥാപിക്കാനാണ് സർക്കാർ തീരുമാനം. ശിവവാഹനമായ നന്ദിയുടെ അടയാളമുള്ള ചോള സാമ്രാജ്യത്തിൻറെ പ്രതീകമായ ഈ ചെങ്കോൽ പിന്നീട് സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ സ്ഥാപിക്കും. 

പ്രോട്ടോകോള്‍ ലംഘനം നടത്തി പാര്‍ലമെന്‍റ് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിലൂടെ  രാഷ്ട്രപതിയെ മാത്രമല്ല ജനാധിപത്യത്തെ കൂടി പ്രധാനമന്ത്രി അപമാനിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികളുടെ  സംയുക്ത പ്രസ്താവന കുറ്റപ്പെടുത്തുന്നു. ഭരണഘടനയുടെ 79 ആം അനുച്ഛദേമനുസരിച്ച് രാഷ്ട്രപതിയാണ് പാര്‍ലമെന്‍റിന്‍റെ അവസാനവാക്ക് എന്നും, അന്തസില്ലാത്ത പ്രവൃത്തിയിലൂടെ രാഷ്ട്രപതി തഴയപ്പെട്ടു എന്നും കുറ്റപ്പെടുത്തുന്ന പ്രസ്താവന ആദിവാസി വനിത, രാഷ്ട്രപതിയായതിന്‍റെ സന്തോഷം കെടുത്തുന്ന തീരുമാനമായിപ്പോയെന്നും അപലപിക്കുന്നു. 

64,500 ചതുരശ്ര മീറ്റർ വിസ്ത്രിതിയിൽ 970 കോടി രൂപ ചെലവിലാണ് രാജ്യസഭയിലും ലോക്സഭയിലുമായി 1,224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊളളാനാകുന്ന പുതിയ പാർലമെന്റ് കെട്ടിടം നിർമ്മിച്ചത്. ലോക്സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറിൽ 384 ഇരിപ്പിടങ്ങളും സജീകരിച്ചിട്ടുണ്ട്. ഗ്യാൻ, ശക്തി, കർമ എന്നിങ്ങനെ മൂന്ന് കവാടങ്ങളാണ് ത്രികോണാകൃതിയിലുള്ള മന്ദിരത്തിനുളളത്. എല്ലാ എംപിമാർക്കും കെട്ടിടത്തിൽ പ്രത്യേക ഓഫീസുണ്ട്. ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്ന വിശാലമായ ഭരണഘടനാ ഹാൾ, എംപിമാർക്കായി ലോഞ്ച്, ലൈബ്രറി, സമ്മേളനമുറികൾ എന്നിവയെല്ലാം പുതിയ മന്ദിരത്തിലുണ്ട്. 

പാർലമെൻറ് മന്ദിരത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളായ നാല്പതിനായിരത്തോളം തൊഴിലാളികളെ ചടങ്ങിൽ പ്രധാനമന്ത്രി ആദരിക്കും.

Comments

    Leave a Comment