കൊവിഡ് കാല സൗജന്യ കിറ്റിൽ റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകണം ; സുപ്രീംകോടതി

Free food kit commission dues must be paid : Supreme Court

ഓൾ കേരള റീട്ടെൽ റേഷൻ ഡീലേഴ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. 14,257 റേഷൻ കടക്കാർക്കാണ് കമ്മീഷൻ നൽകാനുള്ളത്.

ദില്ലി : കൊവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിന്റെ കമ്മീഷൻ റേഷൻ വ്യാപാരികൾക്ക് നൽകാതിരുന്ന സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി. 

അഞ്ചു രൂപ വച്ച് പത്തുമാസത്തെ കമ്മീഷൻ വ്യാപാരികൾക്ക് നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി തള്ളിയ സുപ്രീംകോടതി പത്തുമാസത്തെ കമ്മീഷൻ നൽകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. 

13 മാസത്തെ കമ്മീഷനിൽ മൂന്ന് മാസത്തെ മാത്രം കൊടുത്ത സർക്കാർ റേഷൻ വ്യാപാരികൾക്ക് കുടിശ്ശിക നൽകാത്തിരുന്നതിന് എതിരെയുള്ള വ്യാപാരികളുടെ നിയമ പോരാട്ടമാണ് ഹൈക്കോടതിക്ക് പിന്നാലെ സുപ്രീംകോടതിയിലും വിജയം കണ്ടത്. ഓൾ കേരള റീട്ടെൽ റേഷൻ ഡീലേഴ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. 14,257 റേഷൻ കടക്കാർക്കാണ് കമ്മീഷൻ നൽകാനുള്ളത്. 

ഏതാണ്ട് അഞ്ചുകിലോഗ്രാം തൂക്കമുണ്ടായിരുന്ന ഒരു കിറ്റിന് അഞ്ച് രൂപയോളം നൽകാമെന്നാണ് സർക്കാർ  ഉറപ്പു നൽകിയിരുന്നത്. കാർഡുകൾ കൂടുതലുളള റേഷൻ കടകൾക്ക് അമ്പതിനായിരം രൂപയോളം വരെ കിട്ടാനുണ്ടെന്ന് പറഞ്ഞ അസോസിയേഷൻ ഭാരവാഹികൾ, സംസ്ഥാനത്ത് മൊത്തം ഇങ്ങനെ നൽകാനുളള തുക കണക്കു കൂട്ടിയാൽ കോടികൾ വരുമെന്നും പറഞ്ഞു.

Comments

    Leave a Comment