കൊച്ചിക്കാർക്ക് ദൃശ്യ വിരുന്നൊരുക്കി ദാണ്ഡിയ ഡാൻസ് നൈറ്റ്.

Dandiya Dance Night at Forum Mall Kochi

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലെ ഗുജറാത്തി അസോസിയേഷൻറെ മേൽനോട്ടത്തിൽ 5 വയസ്സുള്ള കുട്ടികൾ മുതൽ 70ന് മേൽ പ്രായമായ സ്ത്രീകളും പുരുഷന്മാരും ചേർന്ന് ഫോറം മാളിൽ അവതരിപ്പിച്ച ദാണ്ഡിയ ഡാൻസ് നൂറുകണക്കിന് കാണികൾക്ക് അപൂർവ്വ സായാഹ്നം സമ്മാനിച്ചു.

കൊച്ചി : മലയാള നാട്ടിൽ അപൂർവ്വവും എന്നാൽ രാജ്യത്തിൻറെ പാശ്ചാത്യ ദേശങ്ങളിൽ ആഘോഷങ്ങളെ ഊർജ്ജസ്വലവും ആകർഷകവും ആക്കുന്നതുമായ ദാണ്ഡിയ നടന കലയിലെ കണ്ണഞ്ചിപ്പിക്കുന്ന വർണ്ണങ്ങളും അത്ഭുതപ്പെടുത്തുന്ന മെയ് വഴക്കവും ചടുലമായ നൃത്ത ചുവടുകളുമായി 500-ൽ പരം കലാകാരന്മാരും കലാകാരികളും നിറഞ്ഞടിയ ഫോറം ദാണ്ഡിയ ഡാൻസ് നൈറ്റ് കൊച്ചിക്കാർക്ക് ദൃശ്യവിരുന്നായി......

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലെ ഗുജറാത്തി അസോസിയേഷൻറെ മേൽനോട്ടത്തിൽ 5 വയസ്സുള്ള കുട്ടികൾ മുതൽ 70ന് മേൽ പ്രായമായ സ്ത്രീകളും പുരുഷന്മാരും ചേർന്ന് ഫോറം മാളിൽ അവതരിപ്പിച്ച ദാണ്ഡിയ ഡാൻസ് നൂറുകണക്കിന് കാണികൾക്ക് അപൂർവ്വ സായാഹ്നം സമ്മാനിച്ചു. 

കണ്ണാടികളും തിളങ്ങുന്ന മുത്തുകളും തുന്നി പിടിപ്പിച്ച വിവിധ നിറങ്ങളിലുള്ള പരമ്പരാഗത ഗുജറാത്തി വസ്ത്രങ്ങൾ ധരിച്ച് കഴുത്തിലും, കാതിലും, കാലിലും, നിറയെ ആഭരണങ്ങൾ അണിഞ്ഞ് സ്ത്രീകളും, പൈജാമയും കുർത്തയും തലപ്പാവും മുത്ത് മാലകളും ധരിച്ചെത്തിയ പുരുഷന്മാരും ചേർന്നാണ് മണിക്കൂറുകൾ നീണ്ട നൃത്ത വിസ്മയം ഒരുക്കിയത്. വർണ്ണാഭമായി അലങ്കരിച്ച ചെറിയ മുള വടികളേന്തി ഡ്രംസ് സ്പന്ദനങ്ങൾക്കും ശ്രവണ സുന്ദര ഗാനങ്ങൾക്കും അനുസരിച്ച് കൈകളും കാലുകളും അസാമാന്യ വഴക്കത്തോടെ സങ്കീർണവും വേഗതയേറിയതുമായ രീതിയിൽ ചലിപ്പിക്കുന്നതാണ് 
ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഈ പരമ്പരാഗത നടന കല. നവരാത്രി ആഘോഷ വേളകളിൽ ദുർഗ പ്രീതിക്കായിയാണ് ദാണ്ഡിയ ഡാൻസ് അവതരിപ്പിക്കുന്നു എന്നാണ് ഐതീഹ്യം. നമ്മുടെ നാട്ടിലെ നാടോടി നൃത്തവുമായി ഇതിന് ഏറെ സാമ്യമുണ്ട്.

ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കേരളത്തിലെ ഒരു മാളിൽ ആദ്യമായാണ് ദാണ്ഡിയ നൃത്ത നിശ സംഘടിപ്പിക്കുന്നതെന്ന്   സംഘാടകർ പറഞ്ഞു. പരിപാടിയിൽ പങ്കെടുത്തവർക്ക് ഉത്തരേന്ത്യൻ വിഭവങ്ങൾ ആസ്വദിക്കാനും അതിശയിപ്പിക്കുന്ന സമ്മാനങ്ങൾ നേടാനും കൂടി അവസരം ഒരുക്കിയിരുന്നു. 

പ്രശസ്ത ഗുജറാത്തി നൃത്ത സംവിധായക അമി ജനാനിയുടെ മേൽനോട്ടത്തിൽ ദിവസങ്ങളോളം പരിശീലനം നടത്തിയവരായിരുന്നു ഈ മെഗാ ഡാൻസ് നൈറ്റിൻറെ അരങ്ങത്തെത്തിയത്.

Comments

    Leave a Comment