കെ ഫോൺ ഇന്റർനെറ്റ്‌ കണക്ഷൻ : അപേക്ഷകരുടെ എണ്ണം അരലക്ഷത്തിലേക്ക്‌

K Phone Internet Connection: Number of applicants to half a lakh

പ്ലാനുകൾ വീണ്ടും വിശദീകരിച്ച് മന്ത്രി ആന്റണി രാജു. രജിസ്‌റ്റർ ചെയ്‌ത എല്ലാവർക്കും ഗാർഹിക കണക്‌ഷൻ നൽകാനുള്ള നടപടി ഓ​ഗസ്റ്റ് ആദ്യം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കെ ഫോൺ പ്രവർത്തനം ആരംഭിച്ചിട്ട്‌ ഒരു മാസം പിന്നിടുമ്പോൾ, ഗാർഹിക ഇന്റർനെറ്റ്‌ കണക്ഷന് അപേക്ഷിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക്‌ എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ‘എന്റെ കെ ഫോൺ’ എന്ന ആപ്പിലൂടെയാണ്‌ പുതിയ കണക്‌ഷന്‌ അപേക്ഷകൾ സ്വീകരിക്കുന്നത്‌.
 
ആയിരത്തഞ്ഞൂറിലേറെ സർവീസ്‌ പ്രൊവൈഡർമാർ ആണ് വീടുകളിൽ കണക്ഷൻ നൽകാൻ സന്നദ്ധതയറിയിച്ച്‌ അപേക്ഷ നൽകിയതെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. ഇതിൽ നിന്നും  പതിനഞ്ചിനകം സർവീസ്‌ പ്രൊവൈഡർമാരുടെ അന്തിമപട്ടിക തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.രജിസ്‌റ്റർ ചെയ്‌ത എല്ലാവർക്കും ഗാർഹിക കണക്‌ഷൻ നൽകാനുള്ള നടപടി ഓ​ഗസ്റ്റ് ആദ്യം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. 

മുൻഗണനാക്രമത്തിൽ കണക്‌ഷൻ നൽകാനാണ്‌ തീരുമാനം. 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്‌ഷൻ നൽകാൻ പര്യാപ്തമായ അടിസ്ഥാനസൗകര്യം കെ ഫോൺ സജ്ജീകരിച്ചിട്ടുണ്ട്. വരുന്ന ആറ് മാസത്തിനിടയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കണക്‌ഷൻ നേടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെ ഫോൺ ഉദ്‌ഘാടനത്തിന് പിന്നാലെ പ്രഖ്യാപിച്ച ഇന്റർനെറ്റ്‌ താരിഫ്‌ ഉപയോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. നിലവിൽ ആറുമാസംവീതം കാലാവധിയിൽ ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്ന ഒമ്പതു പ്ലാനുകളുടെ വിവരങ്ങളാണുള്ളത്. മറ്റുള്ളവയെക്കാൾ കുറഞ്ഞ നിരക്കിൽ, മേന്മയുള്ള ഇന്റർനെറ്റ്‌ ലഭ്യതാ താരിഫാണ്‌ പ്രഖ്യാപിച്ചത്‌. 

പ്ലാൻ കാലാവധിയിൽ 3000 ജിബി വരെ  ഉപയോഗിക്കാവുന്ന, ഒരു മാസത്തേക്ക് 299 രൂപ നിരക്കുള്ള പ്ലാനാണ് കൂട്ടത്തിൽ ഏറ്റവും ചെലവ്‌ കുറഞ്ഞത്‌.  ഒരുമാസത്തേക്ക് 1249 രൂപ നിരക്കിൽ ആറ് മാസത്തേക്ക്  7494 രൂപയോളം വരുന്ന 250 എംബിപിഎസ് വേഗത്തിൽ 5000 ജിബി ഡേറ്റ ആറുമാസത്തേക്ക് നൽകുന്ന പ്ലാനാണ് ഏറ്റവും ചെലവേറിയത്. 

ഇതിമോടകം തന്നെ പതിനായിരത്തിലേറെ വീടുകളിലും പതിനെണ്ണായിരത്തിലേറെ ഓഫീസുകളിലും കെ-ഫോൺ കണക്‌ഷൻ നൽകിക്കഴിഞ്ഞു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കിയെല്ലായിടത്തും ദാരിദ്ര്യരേഖയ്‌ക്കുതാഴെയുള്ള കുടുംബങ്ങൾക്ക്‌ സൗജന്യ കണക്‌ഷൻ ആണ് നൽകുന്നത്‌. 14 നിയോജകമണ്ഡലങ്ങളിലെ നൂറുവീതം കുടുംബങ്ങൾക്കാണ്‌ ആദ്യഘട്ടം കണക്‌ഷൻ നൽകുന്നതെന്നും 10,920 സ്‌കൂളുകളിൽ കെ ഫോൺ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

Comments

    Leave a Comment