75–ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ ഇന്ത്യ.

India's 75th Republic Day celebrations.

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ് റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി. രാജ്യത്തിന്റെ സൈനികശക്തിയും സ്ത്രീ ശക്തിയും വിളിച്ചോതി പരേഡ്. സംസ്ഥാനത്ത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി.

ന്യൂഡൽഹി: രാജ്യം 75–ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍.പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമർപ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായത്.

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണായിരുന്നു ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി.ഇന്ത്യൻ സൈനിക ശക്തി വിളിച്ചോതുന്ന പരേഡിന് കര്‍ത്തവ്യപഥ് സാക്ഷിയായി. 

'വികസിത ഭാരതം', 'ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവ്' എന്നീ പ്രമേയങ്ങള്‍ അടിസ്‌ഥാനമാക്കിയ പരേഡ് കൂടുതൽ  വനിതാ പ്രാതിനിധ്യം കൊണ്ടും ശ്രദ്ധയാകർഷിച്ചു. ചരിത്രത്തിലാദ്യമായി നൂറിലധികം വനിത കലാകാരികള്‍ ഇന്ത്യൻ സംഗീതോപകരണങ്ങള്‍ വായിച്ച് പരേഡിന് തുടക്കം കുറിച്ചു. സംയുക്ത സേന, കേന്ദ്ര പോലീസ് സേന എന്നി വിഭാഗങ്ങളെ മുഴുവനും വനിതകള്‍ പ്രതിനിധീകരിച്ചപ്പോൾ ഫ്ലൈ പാസ്റ്റിലും വനിതാ പൈലറ്റുമാരാണ് പങ്കെടുത്തത്. 90 അംഗ ഫ്രഞ്ച് സേനയും പരേഡില്‍ ഭാഗമായി.

പതിനാറ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിച്ചു. ഇത്തവണയും കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി ലഭിച്ചിരുന്നില്ല. റഫാല്‍ യുദ്ധ വിമാനങ്ങള്‍ , ടി 90 ടാങ്ക്, നാഗ് മിസൈല്‍, പിനാക റോക്കറ്റ് ലോഞ്ചർ എന്നിവ പ്രതിരോധ കരുത്തിന്‍റെ അടയാളമായി. ഫ്രഞ്ച് സേനയുടെ മൂന്ന് വിമാനങ്ങൾ അടക്കം 54 യുദ്ധ വിമാനങ്ങളാണ്  ഇത്തവണ പരേഡിൽ പങ്കെടുത്തത്. സിആർപിഎഫ്, എസ്‍എസ്ബി, ഐടിബിപി എന്നിവയില്‍ നിന്നുള്ള വനിത സേനാഗങ്ങള്‍ ബൈക്ക് അഭ്യാസപ്രകടനം നടത്തി.

സംസ്ഥാനത്ത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാ​ഗമായി  തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുത്തു.

പ്രസംഗത്തിൽ കേന്ദ്രസർക്കാറിന്റെ വികസന നേട്ടങ്ങൾ എടുത്തുപറഞ്ഞ ഗവർണർ ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകൾ അക്കാദമിക മേഖലയെ മലിനമാക്കുന്നുവെന്നും ബാഹ്യ ഇടപെടൽ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യമാണെന്നും പറ‍ഞ്ഞു. 

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാ​ഗമായി ഇടുക്കിയിൽ ഐഡിഎ ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിനും, എറണാകുളം ജില്ലയിൽ മന്ത്രി കെ രാജനും, മലപ്പുറത്ത് എംഎസ്പി പരേഡ് ഗ്രൗണ്ടിൽ മന്ത്രി ജിആർ അനിലും, കോഴിക്കോട് വിക്രം മൈതാനിയിൽ മന്ത്രി മുഹമ്മദ്‌ റിയാസും, തേക്കിൻകാട് മൈതാനത്ത് മന്ത്രി കെ.രാധാകൃഷ്ണനും, പാലക്കാട് കോട്ട മൈതാനത്ത് മന്ത്രി കെ.കൃഷ്ണൻകുട്ടിയും വയനാട്ടിൽ മന്ത്രി എകെ ശശീന്ദ്രനും കൊല്ലത്ത് മന്ത്രി ​ഗണേഷ് കുമാറും പതാക ഉയർത്തി.

Comments

    Leave a Comment