2024 - ലെ രാജ്യാന്തര ബുക്കർ പുരസ്കാരം ജെന്നി ഏർപെൻബെക്കിന്.

Jenny Erpenbeck wins International Booker Prize 2024

ജർമൻ ചരിത്ര പശ്ചാത്തലത്തിൽ വികാരഭരിതമായ പ്രണയകഥ പറഞ്ഞ ‘കെയ്റോസ്’ ബുക്കർ സ്വന്തമാക്കിയത്.

2024ലെ രാജ്യാന്തര ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്. ബുക്കർ സമ്മാനം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയാണ്.

ജർമ്മൻ ചരിത്ര പശ്ചാത്താലത്തിൽ പ്രണയകഥ പറഞ്ഞ ‘കെയ്റോസ്’ ആണ് ജെന്നി ഏർപെൻബെക്കിനെ ബുക്കർ പുരസ്കാരത്തിന് അർഹയാക്കിയത്. ഇംഗ്ലിഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ബ്രിട്ടനിലും അയർലണ്ടിലും പ്രസിദ്ധീകരിച്ച കൃതികൾക്കാണ് ബുക്കർ സമ്മാനം നൽകുന്നത്. കിഴക്കൻ ജർമനിയുടെ അവസാന കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള സങ്കീർണമായ പ്രണയ കഥ പറയുന്ന  കെയ്റോസിൽ  ബർലിൻ മതിൽ തകർക്കപ്പെടുന്ന സമയത്തെ ജർമനിയിലെ ജീവിത സാഹചര്യങ്ങളാണ് പാശ്ചാസ്ഥലമായി വിവരിക്കുന്നത്. 

1980-കളുടെ അവസാനത്തിൽ കിഴക്കൻ ബെർലിനിൽ സംഭവിക്കുന്ന 19 വയസ്സുള്ള ഒരു യുവ വിദ്യാർത്ഥിനിയായ കാതറീനയും 50 വയസ്സുള്ള വിവാഹിതനും എഴുത്തുകാരനുമായ ഹാൻസുമായുള്ള വികാരഭരിതമായ ഒരു പ്രണയബന്ധത്തെക്കുറിച്ചാണ് നോവലിൽ പരാമർശിക്കുന്നത്. ഗണ്യമായ പ്രായവ്യത്യാസവും ഹാൻസിന്റെ നിലവില്‍ ഒരു കുടുംബവും ഉണ്ടായിരുന്നിട്ടും കൂടി അപ്രതീക്ഷിതമായ ഒരു കണ്ടുമുട്ടലിൽ  അവർക്കിടയിലുണ്ടാകുന്ന തീവ്രമായ ബന്ധത്തിന്റെ കഥ, കിഴക്കൻ ജർമ്മനിയുടെ രാഷ്ട്രീയ സാമൂഹിക ഭൂപ്രകൃതി, ബെർലിൻ മതിലിന്റെ പതനത്തിലേക്ക് നയിക്കുന്ന നാടകീയമായ മാറ്റങ്ങൾ എന്നിവയോട് ബന്ധപ്പെടുത്തികൊണ്ട് കഥാകാരി വിവരിക്കുന്നു.

വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുകയായ 50,000 പൗണ്ട് രചയിതാവായ  ജെന്നി ഏർപെൻബെക്കിനും വിവർത്തകനായ മിഖായേൽ ഹോഫ്മാനും തുല്യമായി നൽകുന്നതാണ്.രാജ്യാന്തര ബുക്കർ സമ്മാനം ലഭിക്കുന്ന ആദ്യ പുരുഷ പരിഭാഷകനാണ് ഹോഫ്മാൻ. 

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 6 പുസ്തകങ്ങളില്‍ നിന്നാണ് "കെയ്റോസ്’ ബുക്കർ പുരസ്കാരം കരസ്ഥമാക്കിയത്. 32 ഭാഷകളിൽ നിന്നായി ലഭിച്ച 149 പുസ്തകങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 6 പുസ്തകങ്ങളായിരുന്നു ഈ വർഷത്തെ ഷോർട്ട് ലിസ്റ്റിൽ ഇടം പിടിച്ചത്. ഹ്വാങ് സോക്-യോങ്ങിന്റെ മാറ്റർ 2-10 ( വിവർത്തനം - സോറ കിം റസ്സൽ, യങ്‌ജെ ജോസഫിൻ ബേ) , ഇയാ ജെൻബെർഗിന്റെ ദ് ഡീറ്റേൽസ് (വിവർത്തനം - കിരാ ജോസഫ്സൺ ), സെൽവ അൽമാഡയുടെ നോട്ട് എ റിവർ ( വിവർത്തനം - ആനി മക്‌ഡെർമോട്ട് ), ജെന്റെ പോസ്റ്റുമയുടെ വാട്ട് ഐ വുഡ് റാതർ നോട്ട് തിങ്ക് ( വിവർത്തനം - സാറാ ടിമ്മർ ഹാർവി ), ഇറ്റാമർ വിയേര ജൂനിയറിന്റെ ക്രൂക്ക്ഡ് പ്ലോ (  വിവർത്തനം - ജോണി ലോറൻസ് ) എന്നിവയാണ് ബുക്കർ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റു പുസ്തകങ്ങൾ. 

ഈ വർഷത്തെ ജൂറിയിൽ ചെയർപേഴ്‌സണായി എലനോർ വാച്ചെലാണ് പുരസ്കാരം പ്രഖാപിച്ചത്.  കവിയായ നതാലി ഡയസ്, നോവലിസ്റ്റ് റൊമേഷ് ഗുണശേഖര, വിഷ്വൽ ആർട്ടിസ്റ്റ് വില്യം കെൻട്രിഡ്ജ്, എഴുത്തുകാരനും എഡിറ്ററും വിവർത്തകനുമായ ആരോൺ റോബർട്ട്‌സൺ എന്നിവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങള്‍. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് കഴിഞ്ഞ വർഷം മേയ് 1 നും ഏപ്രിൽ 30 നും ഇടയിൽ യുകെയിലും അയർലണ്ടിലും പ്രസിദ്ധീകരിച്ച ലോകമെമ്പാടുമുള്ള നോവലുകളെയും ചെറുകഥാ ശേഖരങ്ങളെയുമാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്.

ബൾഗേറിയൻ എഴുത്തുകാരൻ ജോർജി ഗോസ്പോഡിനോവ് എഴുതിയ ടൈം ഷെൾട്ടർ എന്ന നോവലിനാണ് കഴിഞ്ഞ തവണ പുരസ്കാരം ലഭിച്ചത്.

Comments

    Leave a Comment