സർക്കാർ നിശ്ചയിച്ച ജൂനിയർ ഡോക്ടർമാരുടെ എണ്ണം അപര്യാപ്തമാണെന്ന് പറഞ്ഞുകൊണ്ട് പിജി ഡോക്ടർമാർക്ക് പിന്നാലെ പിജി സമരത്തെ തുടർന്ന് ജോലിഭാരം കൂടിയെന്നും, നേരത്തെയുണ്ടായിരുന്ന സ്റ്റൈപൻഡ് വർധനവ് പുനസ്ഥാപിക്കാത്തതുമായ കാരണങ്ങൾകൊണ്ട് ഹൗസ് സർജന്മാരും ഒരു ദിവസത്തെ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സ്തംഭിക്കും. സമരത്തിന് പിന്തുണയുമായി അധ്യാപകസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
സമരം പ്രഖ്യാപിച്ച് പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും : കൂടുതലൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി
പിജി ഡോക്ടർമാരുടെ സമരം പന്ത്രണ്ടാം ദിവസത്തിലെത്തുകയാണ്
സർക്കാർ ആരോഗ്യസംവിധാനങ്ങളെ ഈ സമരം കാര്യമായി ഇതിനോടകം തന്നെ ബാധിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങൾ അടക്കം ഒഴിവാക്കിയുള്ള സമരം മൂന്നാം ദിനവും തുടരുമ്പോൾ സമരം പിൻവലിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകസംഘടനകളും മറ്റ് വിദ്യാർത്ഥി സംഘടനകളും പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്. പിജി ഡോക്ടമാരുടെ പ്രധാന ആവശ്യമായിരുന്ന നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരുടെ നിയമന നടപടികൾ തുടരുന്നുണ്ടെങ്കിലും സർക്കാർ നിശ്ചയിച്ച ജൂനിയർ ഡോക്ടർമാരുടെ എണ്ണം അപര്യാപ്തമാണെന്നാണ്
സമരക്കാർ പറയുന്നത്.
ഇതിനിടയിൽ സ്റ്റൈപൻഡ് വർധനവ് പുനസ്ഥാപിക്കാത്തതും പിജി സമരത്തെ തുടർന്ന് ജോലിഭാരം ഇരട്ടിച്ചതും ചൂണ്ടിക്കാട്ടി ഹൗസ്‍സർജന്മാർ നാളെ രാവിലെ എട്ട് മണി മുതൽ 24 മണിക്കൂറിലേക്ക് കൊവിഡ്, അത്യാഹിത വിഭാഗം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കുന്നതായി പ്രഖ്യാപിച്ചു. കെജിഎംസിടിഎയും പിജി ടീച്ചേഴ്സ് അസോസിഷേനും തത്കാലത്തേക്ക് ബഹിഷ്കരണസമരത്തിനില്ലെങ്കിലും പ്രതിഷേധനടപടികൾ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
സമരം കടുക്കുന്നതോടെ ആശുപത്രികളുടെ പ്രവർത്തനമാകെ താളം തെറ്റുകയാണ് . ഒപി രോഗികളുടെ എണ്ണം മിക്കയിടത്തും വെട്ടിചുരുക്കിയാണ് നിലവിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. നീട്ടിവച്ച ശസ്ത്രക്രിയകൾ നടക്കാത്തതിനാൽ രോഗികൾ കടുത്ത ബുദ്ധിമുട്ടിലുമാണ്.
ഡോക്ടര്‍മാര്‍ സമരം കടുപ്പിക്കുമ്പോഴും സര്‍ക്കാരിന് കൂടുതലൊന്നും ചെയ്യാനില്ലെന്ന നിലപാടാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റേത്. ഒന്നാം വർഷ പിജി പ്രവേശന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും സംസ്ഥാനങ്ങള്‍ക്കിതിൽ കൂടുതൽ ഒന്നും ചെയ്യാനാവില്ല എന്നുമാണ് മന്ത്രിയുടെ നിലപാട്. 373 നോൺ റെസിഡന്‍റ് ജൂനിയർ ഡോക്ടർമാരെ താത്‌കാലികമായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. എന്നിട്ടും സമരം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
Comments