അഗ്നിപഥ്: ആളിപ്പടര്‍ന്ന് പ്രതിഷേധം ; ഇനി നിയമനം അഗ്നിപഥ് വഴി മാത്രമെന്ന് നാവികസേന മേധാവി.

Agnipath Protest Across the Nation ; Navy Chief welcomes

ബിഹാറിലും യുപിയിലും അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ആളിപ്പടരുന്നു. നാളെ ബിഹാറില്‍ ബന്ദ്. അതെ സമയം ഇനി നിയമനം അഗ്നിപഥ് വഴി മാത്രമെന്നും സേനയെ കൂടുതല്‍ ചെറുപ്പമാക്കാനാണ് പദ്ധതി കൊണ്ടുവന്നതെന്നും നാവികേസന മേധാവി പറഞ്ഞു.

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തിന്റെ പലയിടത്തും പ്രതിഷേധം ആളിപ്പടരുകയാണ്. അഗ്നിപഥ് റിക്രൂട്ട്മെന്‍റ് പദ്ധതിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകൾ ബിഹാറില്‍ നാളെ ബന്ദ് ആഹ്വാനം ചെയ്തിരിക്കുകയാണ്.

അതെ സമയം രാജ്യത്തെ സൈനിക റിക്രൂട്ട്‍മെന്‍റ് ഇനി അഗ്നിപഥ് വഴി മാത്രമായിരിക്കുമെന്ന് നാവികസേന മേധാവി അഡ്‍മിറല്‍ ആര്‍ ഹരികുമാര്‍ പറഞ്ഞു. അഗ്നിപഥ് പദ്ധതി സേനകള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും സേനയെ കൂടുതല്‍ ചെറുപ്പമാക്കാനാണ് പദ്ധതി കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സേനയില്‍ വരുന്നവരുടെ സമ്പൂര്‍ണ്ണ വികസനം സാധ്യമാകുമെന്നും നാവികേസന മേധാവി പറഞ്ഞു. 

അഗ്നിപഥ് പദ്ധതിക്കെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധം  ബിഹാറിലും യുപിയിലും ആണ്. അഞ്ച്  ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ ബിഹാറില്‍ കത്തിച്ചു. ബിഹാർ ഉപമുഖ്യമന്ത്രി രേണുദേവിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍റെയും വീടിന്  നേരെയും ആക്രമണം ഉണ്ടായി. പ്രതിഷേധക്കാര്‍ അലിഗഡിലെ ജട്ടാരിയയില്‍ പൊലീസ് സ്റ്റേഷനും പൊലീസ് വാഹനവും അഗ്നിക്കിരയാക്കി. റെയില്‍വേ സ്റ്റേഷനുകളും പലയിടങ്ങളിലും ആക്രമിക്കപ്പെട്ടു. പലയിടത്തും  ടയറുകള്‍ കത്തിച്ച് പാളത്തില്‍ ഇട്ടതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

പ്രതിഷേധം ആളിക്കത്തുമ്പോഴും  അഗ്നിപഥ് പദ്ധതിയില്‍ നിന്ന്   പിന്നോട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. റിക്രൂട്ട്മെന്‍റിനുള്ള വിജ്ഞാപനം രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നും പിന്നാലെ റാലികളുടെ തീയതി പ്രഖ്യാപിക്കുമെന്നും കരസേന മേധാവി അറിയിച്ചു. വരുന്ന  ഡിസംബറില്‍ തന്നെ പരിശീലനം തുടങ്ങുമെന്നും പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ 2023 പകുതിയോടെ സേനയുടെ ഭാഗമാകുമെന്നും കരസേന മേധാവി മനോജ് പാണ്ഡെ വ്യക്തമാക്കി.

പദ്ധതി കൊണ്ടു വന്നതില്‍ പ്രധാനമന്ത്രിയെ അമിത് ഷാ അഭിനന്ദിച്ചു. രാജ്യസേവനത്തിനൊപ്പം യുവാക്കള്‍ക്ക് ശോഭനമായ ഭാവിയുണ്ടാകുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പ്രായപരിധി 23 ആക്കി ഉയര്‍ത്തിയത് മികച്ച തീരുമാനമാണെന്നും യുവാക്കൾ അവസരം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി രാജ്‍നാഥ് സിംഗും പറഞ്ഞു. എന്നാൽ രാജ്യത്തിന് വേണ്ടതെന്തെന്ന് പ്രധാനമന്ത്രിക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 

Comments

    Leave a Comment