പഞ്ചസാരക്ക് കയറ്റുമതി നിയന്ത്രണവുമായി കേന്ദ്രം.

Center with export control for sugar

ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരായ ഇന്ത്യ ആഭ്യന്തര വിലയിലെ കുതിച്ചുചാട്ടം തടയാൻ സർക്കാർ ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആറ് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കുന്നത്. നേരത്തെ ഇന്ത്യ ഗോതമ്പ് കയറ്റുമതിയും നിരോധിച്ചിരുന്നു.

ഡൽഹി :  പഞ്ചസാര കയറ്റുമതി (Sugar export) നിയന്ത്രിക്കാൻ ഒരുങ്ങി  കേന്ദ്ര സർക്കാർ. ആഭ്യന്തര വിലയിലെ കുതിച്ചുചാട്ടം തടയാൻ സർക്കാർ ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആറ് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കുന്നത്. 

ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരായ ഇന്ത്യക്ക് ഏറ്റവും കൂടുതൽ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ  രണ്ടാം സ്ഥാനവുമുണ്ട്. ഒന്നാം സ്ഥാനത്തുള്ളത് ബ്രസീലാണ്.  ഇന്ത്യ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കുന്നത് ആഗോള വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.  ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ, മലേഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ കൂടുതലായും പഞ്ചസാര കയറ്റുമതി ചെയ്യുന്നത്. ഈ സാമ്പത്തിക വർഷം ആരംഭിച്ച്, മെയ് 18 വരെ 75 ലക്ഷം ടൺ പഞ്ചസാരയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഏകദേശം 70 ലക്ഷം ടൺ പഞ്ചസാരയാണ് 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യ കയറ്റുമതി ചെയ്തത്.

നിലവിൽ കിലോയ്ക്ക് ഏകദേശം 41.50 രൂപയാണ് രാജ്യത്തെ പഞ്ചസാരയുടെ ശരാശരി ചില്ലറ വിൽപ്പന വില. വരും മാസങ്ങളിൽ ഇത് 40-43 രൂപയിൽ എത്താനാണ് സാധ്യത. കഴിഞ്ഞ 5 വർഷത്തിനിടെ രാജ്യത്തെ പഞ്ചസാര ഉത്പാദനം വർധിപ്പിക്കാനും കയറ്റുമതി സുഗമമാക്കുന്നതിനുമായി ഏകദേശം 14,456 കോടി രൂപയാണ് സർക്കാർ പഞ്ചസാര മില്ലുകൾക്ക് അനുവദിച്ചത്. 

 ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമായിട്ടുപോലും ആഭ്യന്തര വിപണിയിൽ കുതിച്ചുയരുന്ന ഗോതമ്പ് വില നിയന്ത്രിക്കുന്നത്തിന്റെ ഭാഗമായാണ് പത്തു ദിവസങ്ങൾക്ക് ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. ഇന്ത്യയിൽ കഴിഞ്ഞ മാസം ഗോതമ്പ് വില ആശങ്കയുളവാക്കുന്ന വിധത്തിലാണ് കുതിച്ചുയര്‍ന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനയായിരുന്നു അത്.

Comments

    Leave a Comment