ബജറ്റ് 2024 : ആദായനികുതി സ്ലാബിലും പരോക്ഷ നികുതി ഘടനയിലും മാറ്റമില്ല

Union Budget 2024 : Key Highlights

വലിയ പ്രഖ്യാപനങ്ങൾ ഒന്നും തന്നെയില്ലാതെ തെരഞ്ഞെടുപ്പിന് മുൻപുള്ള ധനമന്ത്രിയുടെ ഇടക്കാല ബജറ്റ്.

ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് അവതരിപ്പിച്ചു. വോട്ട് ഓൺ അക്കൗണ്ട് ബജറ്റ് ആണെങ്കിലും ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ധനമന്ത്രി നടത്തിയിട്ടില്ല.

നിലവിലെ ആദായനികുതി പരിധി നിലനിർത്തിയതായും ഇറക്കുമതി തീരുവ അടക്കമുള്ള പരോക്ഷ നികുതി ഘടനയിലും മാറ്റമില്ലെന്നും  ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. റീഫണ്ട് ലഭിക്കുന്നതിനുള്ള കാലപരിധി 93 ദിവസങ്ങളിൽനിന്ന് വെറും 10 ദിവസമാക്കി കുറച്ചതായും ധനമന്ത്രി പാർലമെന്റിൽ പറഞ്ഞു.

ടെക്‌നോളജി പ്രിയരായ ജനങ്ങള്‍ക്കുള്ള സുവര്‍ണ കാലഘട്ടമാണ് വരുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. യുവജനങ്ങള്‍ക്ക് 1 ലക്ഷം കോടി രൂപയുടെ പലിശരഹിത ലോണ്‍ നല്‍കുന്ന കാര്യമാണ് ബജറ്റില്‍ അവതരിപ്പിച്ചത്. ലോണ്‍ 50 വര്‍ഷത്തേക്കായിരിക്കും. ദീര്‍ഘകാല ഫൈനാന്‍സിങ്, റീ-ഫൈനാന്‍സിങ് ആയിരിക്കും ഇതിന്റെ സവിശേഷത. ലോണിന് പലിശ ഈടാക്കില്ല അല്ലെങ്കില്‍ കുറച്ചു പലിശ മാത്രമായിരിക്കും നല്‍കേണ്ടത് എന്നും മന്ത്രി പറഞ്ഞു. 

ധനമന്ത്രി ഈ ബജറ്റില്‍ നടത്തിയിരിക്കുന്ന ഏറ്റവും വലിയ പ്രഖ്യാപനങ്ങളില്‍ ഒന്ന് ഒരു കോടി കുടുംബങ്ങള്‍ക്ക് സ്വന്തം വീടിന്റെ ആവശ്യത്തിനായി മാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നതാണ്. പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ ആയിരിക്കും ഇതു യാഥാര്‍ത്ഥ്യമാക്കുക. ഇതുവഴി ഒരു കോടി കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 15000-18000 രൂപയുടെ ലാഭം ഉണ്ടാകും എന്നു മാത്രമല്ല അധിക വൈദ്യുതി ഉല്‍പ്പാദിപ്പിച്ചാല്‍ വിറ്റു പണം നേടാനും വൈദ്യുതി വാഹനം സൗജന്യമായി ചാര്‍ജ് ചെയ്യാനും സാധിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറയുന്നു. 

അടിസ്ഥാന സൗകര്യ വികസനങ്ങളിലൂടെ ലക്ഷദ്വീപിന്റെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. 
‘‘പോർട്ട് കണക്ടിവിറ്റി, വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന വികസനം, മറ്റു സൗകര്യങ്ങൾ എന്നിവയിലൂടെ ലക്ഷദ്വീപ് ഉൾപ്പെടെയുള്ള മേഖലയിലെ ടൂറിസം പ്രോത്സാഹിപ്പിക്കും’’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. 

കേന്ദ്ര ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

* ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ 

* രാഷ്ടീയ ഗോകുൽ മിഷൻ വഴി പാലുൽപാദനം വർധിപ്പിക്കും

* അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ, സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും, മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും. 

* 50 വർഷത്തിൻ്റെ  പരിധി സംസ്ഥാനങ്ങൾക്ക് വായ്പ

* കൂടുതൽ വിമാനത്താവളങ്ങൾ, വ്യോമഗതാഗത മേഖല വിപുലീകരിക്കും. 

* വൻ നഗരങ്ങളിലെ മെട്രോ വികസനം.

* ഇ - വാഹനരംഗ മേഖല വിപുലമാക്കും

* ജനസംഖ്യ വർദ്ധന പഠിക്കാൻ വിദഗ്ധ സമിതി. 

* ഇന്ത്യയിലെ ആത്മീയ വിനോദ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും.

* ഇന്ത്യയുടെ കിഴക്കൻ മേഖലയെ കൂടുതൽ ശാക്തീകരിക്കും.

* അങ്കൺവാടി ജീവനക്കാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും കൂടി ആയുഷ്മാൻ ഭാരത് പദ്ധതി.

* കൂടുതൽ മെഡിക്കൽ കോളേജുകൾ. 
 
* പുതിയ റെയിൽവേ ഇടനാഴി . നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിൽ.


Comments

    Leave a Comment