400 സീറ്റെന്ന വാദത്തിൽ നിന്നും പിന്തിരിഞ്ഞ് മോദി : തിരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലേക്ക്

Lok Sabha Elections 2024

ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. അഞ്ചാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വലിയ ആത്മവിശ്വാസത്തോടെയും അവകാശവാദങ്ങളോടെയുമാണ് ഇത്തവണ എന്‍ഡിഎ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങിയത്. 10 വര്‍ഷത്തെ ഭരണനേട്ടങ്ങളുയര്‍ത്തികാണിച്ച് പ്രചാരണത്തിനിറങ്ങിയ മോദിയുടെയും ബിജെപിയുടെയും പ്രധാന അവകാശവാദം 400 സീറ്റിലധികം നേടുമെന്നായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ പ്രകാരം എൻ ഡി എ ക്ക് അത്ര ശുഭകരമല്ല കാര്യങ്ങൾ എന്നാണ് വിലയിരുത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 400-ലധികം സീറ്റ് നേടുമെന്ന അവകാശവാദത്തില്‍നിന്നും പ്രധാനമന്ത്രി പിന്തിരിയുന്നതാണ് അഭിമുഖത്തില്‍ നിന്നും വ്യക്തമാകുന്നത്. "തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്നോ തോല്‍ക്കുമെന്നോ താന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ല. 400-ലധികം സീറ്റ് നേടുമെന്ന് ആദ്യംപറഞ്ഞത് ജനങ്ങളാണ്"  എന്നാണ് അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്.

തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ബി ജെ പി യുടെ പ്രചാരണതന്ത്രത്തിനെ മാറ്റം പ്രകടമായിരുന്നു. ഭരണ നേട്ടങ്ങൾക്ക് പകരം വിദ്വേഷ പ്രചരണങ്ങൾ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ മുഴച്ചു നിന്നു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഉണ്ടാകൺ പോകുന്ന  ഭവിഷ്യത്തുകളായിരുന്നു പിന്നീട് പ്രധാനമന്ത്രിയും സഖ്യവും തിരഞ്ഞെടുപ്പ് വേദികളിൽ ഉടനീളം വസിച്ച വിട്ടത്. മുന്‍കാലത്ത് കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് വഴിവിട്ട് സ്വത്തുക്കള്‍ നല്‍കാന്‍ ശ്രമിച്ചെന്ന് തുടങ്ങി ഇന്ത്യ സഖ്യം അധികാരത്തിലേറിയാല്‍ രാമക്ഷേത്രം തകര്‍ക്കുമെന്നു വരെ പ്രധാനമന്ത്രിയുടെ പ്രചാരണം നടത്തി. 

ഈ പ്രചാരണങ്ങളെ ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രിക്കും ബിജെപിക്കും തിരഞ്ഞെടുപ്പിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടെന്നാണ്  പ്രതിപക്ഷം തിരിച്ചടിച്ചത്. ഇതിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ത്യ സഖ്യം അധികാരത്തിലേറിയാല്‍ തൃണമൂല്‍ പുറത്ത് നിന്ന് പിന്തുണ നല്‍കുമെന്ന് പറഞ്ഞു. 

വോട്ടെടുപ്പിന്റെ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ഇന്ത്യ സഖ്യം അധികാരത്തിലേറുമെന്ന് ഉറപ്പിച്ച് പറഞ്ഞ മമതാ ബാനര്‍ജി അവസാന മൂന്ന് ഘട്ടം ബാക്കിനില്‍ക്കെ ഇന്ത്യ സഖ്യം 315 സീറ്റുകള്‍ നേടുമെന്നും എന്‍ഡിഎ 195-ല്‍ ഒതുങ്ങുമെന്നും പറഞ്ഞു.

ഏഴുഘട്ടങ്ങളിലായുള്ള ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലുഘട്ടം പിന്നിടുമ്പോള്‍ 543 സീറ്റുകളില്‍ 379 സീറ്റുകളിലേക്കുമുള്ള ( 69.8 ശതമാനം) വോട്ടെടുപ്പ് പൂര്‍ത്തിയായി. ദക്ഷിണേന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും കൂടാതെ   ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലെയും പോളിങ് പൂര്‍ത്തിയായി. ഇതിനോടകം 19 സംസ്ഥാനങ്ങളിലെയും നാലു കേന്ദ്രഭരണ പ്രദേശങ്ങളിലെയും തിരഞ്ഞെടുപ്പാണ് പൂര്‍ത്തിയായത്. 

ഇതുവരെ തിരഞ്ഞെടുപ്പ് നടക്കാത്ത ഹരിയാണ, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് വരുംഘട്ടങ്ങളില്‍ പ്രധാനമായുമുള്ളത്. 49 സീറ്റുകളിലേക്കുള്ള  തിരഞ്ഞെടുപ്പാണ്  അഞ്ചാംഘട്ടമായ തിങ്കളാഴ്ച നടക്കാന്‍ പോകുന്നത്.
മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് അടുത്തഘട്ടത്തോടെ പൂര്‍ത്തിയാകും.

ഏഴുഘട്ടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന യു.പി., ബംഗാള്‍, ബിഹാര്‍ സംസ്ഥാനങ്ങളില്‍ ഇനിയും പകുതിയോളം സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കാനുണ്ട്

Comments

    Leave a Comment