രാജ്യത്തിന് അഭിമാനമായി പുതുവത്സര ദിനത്തിൽ ഐ എസ് ആർ ഒ യുടെ വിജയക്കുതിപ്പ്
ശ്രീഹരിക്കോട്ട : രാജ്യത്തിന് അഭിമാനമായി പുതുവത്സര ദിനത്തിൽ ഐ എസ് ആർ ഒ യുടെ പുതിയ ദൗത്യം എക്സ്‍പോസാറ്റിന്റെ (എക്സ്–റേ പോളാരിമീറ്റർ സാറ്റലൈറ്റ്) വിജയക്കുതിപ്പ്.
തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ചു പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ എക്സ്‍–റേ പോളാരിമീറ്റർ ഉപഗ്രഹമാണിത്. ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍നിന്നും എക്സ്പോസാറ്റ് ഉപഗ്രഹവുമായി കുതിച്ചുയർന്നത് പി എസ് എൽ വി സി-58 ആണ്. അഞ്ചു വര്‍ഷം നീളുന്നതാണ് എക്‌സ്‌പോസാറ്റ് ദൗത്യം. പോളിക്സ്, എക്സ്പെക്റ്റ് തുടങ്ങിയ രണ്ട് പ്രധാന പോലോഡുകളാണ് ഇതിലുള്ളത്.
വിക്ഷേപണം വിജയമാണെന്ന് ഐ എസ് ആർ ഒ അറിയിച്ചു. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണമാണെന്നതും പ്രത്യേകതയാണ്. തിരുവനന്തപുരം പൂജപ്പുര എൽബിഎസ് വനിതാ എൻജിനീയറിങ് കോളജിലെ വിദ്യാർഥിനികൾ നിർമിച്ച ‘വി-സാറ്റ്’ ഉൾപ്പെടെയുള്ള ഉപഗ്രഹങ്ങൾ ഉൾപ്പടെ 10 ചെറു ഉപഗ്രഹങ്ങളും ഇതിനൊപ്പം വിക്ഷേപിച്ചു.
ലോകത്തെ രണ്ടാമത്തെ എക്സറേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണിത്. യുഎസ് മാത്രമേ ഇതിനുമുൻപ് ഇത്തരം ദൗത്യം നടത്തിയിട്ടുള്ളൂ. 2021ലാണ് നാസ എക്സ്‍–റേ പോളാരിമീറ്റർ ഉപഗ്രഹം വിക്ഷേപിച്ചത്.
Comments