പലചരക്ക് സാധനങ്ങൾക്ക് ഒരാഴ്ചക്കിടെ 20% വരെ വിലവർധന

20% increase in prices for groceries in a week

പച്ചക്കറിക്കും അരിക്കും പിന്നാലെ സംസ്ഥാനത്ത് പലചരക്ക് സാധനങ്ങളുടെ വില ഒരാഴ്ചക്കിടെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെ കൂടി. ഇന്ധനവില വർധനവും മഴക്കെടുതിയുമാണ് വിലകയറ്റത്തിന് കാരണമെന്നും വില ഇനിയും കൂടിയേക്കുമെന്നും വ്യാപാരികൾ പറയുന്നു.

കോവിഡ് മഹാമാരി മൂലം ജീവിതവും വരുമാനമാർഗവും തകരാറിലായ പൊതു ജനത്തിന് ഇരുട്ടടിയാവുകയാണ് അനുദിനമുണ്ടാകുന്ന വിലക്കയറ്റം. അവശ്യ വസ്തുക്കളായ അരിക്കും പടച്ചക്കറിക്കും പിന്നാലെ പലചരക്ക് സാധനങ്ങളുടെ കൂടെ വില വർധിക്കുമ്പോൾ സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റ് വീണ്ടും തെറ്റുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

അരികളില്‍ എല്ലാ ഇനത്തിനും കിലോയ്ക്ക് രണ്ട് രൂപ വീതം കൂടിയിട്ടുണ്ട്.പച്ചക്കറികളുടെ വിലയുടെ കാര്യമാണെങ്കിൽ ദിനേന കുതിച്ചുയരുകയാണ്.

ഇതിന്റെയെല്ലാം കൂടെ പലചരക്ക് സാധനങ്ങളുടെ കൂടെ വില വർധിക്കുന്നത് ജീവിത സാഹചര്യം മോശമാക്കും.ഒരാഴ്ചക്കിടെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെയാണ് പല സാധനങ്ങൾക്കും വില കൂടിയത്.ഒരാഴ്ച മുന്‍പ് വരെ കിലോയ്ക്ക് 90 രൂപയായിരുന്ന വന്‍പയർ ഇപ്പോൾ 110  രൂപ മുതലാണ് വില. മഞ്ഞൾ കിലോ 130 രൂപയില്‍ നിന്നും 150 ആയി. 90 രൂപയായിരുന്ന കടുകിന് ഇപ്പോൾ കിലോയ്ക്ക് 105 ആയി. 110 രൂപയുണ്ടായിരുന്ന മല്ലിക്ക് ഇന്നത്തെ വില 120. 85 രൂപയായിരുന്ന കടല 95 ആയി.  

മുകളിലത്തെ വിലയില്‍ നിന്നും പത്ത് മുതല്‍ പതിനഞ്ച് രൂപ വരെ കൂട്ടിയാണ് ചെറുകിട കച്ചവടക്കാർ വില്‍ക്കുക. ഇത്ര വലിയ വർധനവ് ആദ്യമായിട്ടാണെന്നും മറ്റ് ഇനങ്ങൾക്കും  വില ഇനിയും കൂടിയേക്കുമെന്നും വ്യാപാരികൾ പറയുന്നു.

Comments

    Leave a Comment