തല ചായ്ക്കാനിടം തേടി കേരളത്തിലെ 19 എം എൽ എ മാർ

Real Estate :19 MLA in kerala needs accomodation in trivandrum represenative image

എം എൽ എ മാർക്ക് താമസ സ്ഥലം കണ്ടെത്താൻ പരസ്യം നൽകിയിരിക്കുകയാണ് നിയമസഭാ സെക്രട്ടറിയേറ്റ്.

തല ചായ്ക്കാനിടമില്ലാതെ തലസ്ഥാനത്ത് അലഞ്ഞ് സംസ്ഥാനത്തെ 19 എം എൽ എ മാർ. 

എം എൽ എ മാർക്ക് താമസ സ്ഥലം കണ്ടെത്താൻ പരസ്യം നൽകിയിരിക്കുകയാണ് നിയമസഭാ സെക്രട്ടറിയേറ്റ്. " ചെറിയ ഡിമാന്റുകളാണ്. നിയമസഭയിൽ നിന്നും എട്ടുകിലോ മീറ്ററിനുള്ളിൽ, നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന കെട്ടിടം വേണം.   കുറഞ്ഞ വാടകയെങ്കിൽ ഉത്തമം.  സൗകര്യങ്ങളുള്ളതായിരിക്കണം". ഇതായിരുന്നു പരസ്യം.  

എന്നാൽ എം എൽ എ മാർ‍ക്ക് വേണ്ടിയെന്നു പറഞ്ഞാൽ ഫ്ലാറ്റ് വാടകക്കു നൽകാൻ പലർക്കും മടിയാണ്. നിരന്തരമായി സന്ദർശകരെത്തുന്നത് മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടാകുമെന്നാണ് ഫ്ലാറ്റുടമകള്‍ പറയുന്നത്.

എംഎൽഎ ഹോസ്റ്റലിന്റെ പമ്പ ബ്ലോക്ക് കെട്ടിടം പൊളിച്ചതോടെയാണ് കാര്യങ്ങൾ പ്രതിസന്ധിയിലായത്. 50 വർഷത്തോളം പഴക്കമുള്ള എംഎൽഎ ഹോസ്റ്റലിന്റെ പമ്പ ബ്ലോക്ക് ബലക്ഷയത്തെ തുടർന്നാണ് ഇടിച്ചു നിരത്തിയത്. പകരം 11 നിലയിൽ കെട്ടിടം നിർമ്മിക്കുവാനാണ് പദ്ധതി. പക്ഷെ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാന്‍ കുറഞ്ഞത് രണ്ടര വർഷമെങ്കിലും വേണ്ടി വരും.  

പമ്പ ബ്ലോക്ക് കെട്ടിടം പൊളിച്ചതിന് പിന്നാലെ മറ്റൊരു ഫ്ലാറ്റ് കണ്ടെത്തി എംഎൽഎമാർക്ക് പകരം താമസ സൗകര്യം ഒരുക്കിയെങ്കിലും കഷ്ടകാലം പിന്നാലെയെത്തി. പകരം താമസ സൗകര്യം ഒരുക്കിയ കരമന - മേലറന്നൂർ റോഡിലുള്ള സ്വകാര്യ ഫ്ലാറ്റിൽ എം എൽ എ മാർ താമസം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളിൽ റെയിൽവേ മേൽപ്പാലത്തിന്റെ പണി തുടങ്ങുന്നതിനായി ഈ ഫ്ലാറ്റ് കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയ ഇടിച്ചതിനാൽ എം എൽ എ മാർക്ക് ഇവിടെ നിന്നു പടിയിറങ്ങേണ്ടിവന്നു.

പിന്നീട് നിയമസഭാ സെക്രട്ടേറിയേറ്റ്  എം എൽ എ ഹോസ്റ്റലിലെ നിള ബ്ലോക്കിന് മുകളിൽ ഷെഡ് ഒരുക്കി താത്കാലിക താമസ സൗകര്യം ഒരുക്കിയെങ്കിലും ഇവിടെ കാണാൻ എത്തുന്ന ഒരാൾക്ക് കസേരയിട്ടു കൊടുക്കാൻ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്. 

Comments

    Leave a Comment