പി എം ഇ ജി പി : പുതുസംരംഭങ്ങൾക്ക് 50 ലക്ഷംവരെ വായ്പയും 35% സബ്സിഡിയും;വിശദാംശങ്ങൾ.

PMEGP Scheme: Best Optiond for New Entrepreneurship

2008 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കി‌വരുന്ന പ്രധാനപ്പെട്ട വായ്പാ പദ്ധതിയാണ് പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം (PMEGP) അഥവാ പ്രധാന‌മന്ത്രി തൊഴിൽ സൃഷ്ടി പദ്ധതി

പുതുതായി ഒരു സംരംഭം തുടങ്ങുന്നവർക്ക് അനുയോജ്യമായ മികച്ച വായ്പാ പദ്ധതി ഏതെന്ന് ചോദിച്ചാൽ നിസംശയം പറയാൻ പറ്റുന്ന ഒന്നാണ് പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷൻ  പ്രോഗ്രാം (PMEGP) അഥവാ പ്രധാന‌മന്ത്രി തൊഴിൽ സൃഷ്ടി പദ്ധതി. 

 ഈ പദ്ധതി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ (കെവിഐസി), ഖാദി ബോർഡ് (കെവിഐബി), കയർ ബോർഡ്, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ (ഡിഐസി) എന്നിവവഴിയാണു നടപ്പാക്കുന്നത്. ഖാദി കമ്മിഷനാണ് നോഡൽ ഏജൻസി.

തൊഴിൽരഹിതർക്കും തൊഴിലില്ലാത്തവർക്കും സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനും വരുമാന അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി പിഎംഇജിപി പദ്ധതിക്ക് കീഴിലുള്ള സാമ്പത്തിക സഹായം ഇന്ത്യാ ഗവൺമെൻ്റ് നൽകുന്നു. മാർജിൻ മണിയുടെ ശതമാനമായി കണക്കാക്കുന്ന പ്രോജക്ട് കോസ്റ്റിൽ ഈ സ്കീം സബ്സിഡി വാഗ്ദാനം ചെയ്യുന്നു. ഇത്രയധികം സബ്സിഡി ആനുകൂല്യങ്ങളും സഹായവും നൽകുന്ന മറ്റൊരു പദ്ധതിയും ഇന്ന് ഇന്ത്യയിൽ നിലവിൽ ഇല്ല. 2008 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കി‌വരുന്ന പ്രധാനപ്പെട്ട വായ്പാ പദ്ധതിയാണ് പ്രധാന‌മന്ത്രി തൊഴിൽ സൃഷ്ടി പദ്ധതി. 

റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ/ബിസിനസ് - ഖാദി ഉൽപ്പന്നങ്ങളുടെ വിൽപ്പന, കെവിഐസി സാക്ഷ്യപ്പെടുത്തിയ ഖാദി, ഗ്രാമവ്യവസായ സ്ഥാപനങ്ങളിൽ നിന്ന് സംഭരിച്ച ഗ്രാമവ്യവസായ ഉൽപ്പന്നങ്ങൾ, പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനായി പിഎംഇജിപി യൂണിറ്റുകളും ക്ലസ്റ്ററുകളും നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളും ഈ സ്കീമിന് കീഴിൽ അനുവദനീയമാണ്.

18 വയസ്സു പൂർത്തിയാകണം എന്ന നിബന്ധനയുള്ളപ്പോൾ ഉയർന്ന പ്രായപരിധി ഈ സ്‌കീമിൽ കണക്കാക്കുന്നില്ല. 10 ലക്ഷത്തിനു മുകളിലെ നിർമാണസംരംഭത്തിനും 5 ലക്ഷത്തിനു മേലുള്ള സേവന സ്ഥാപനങ്ങൾക്കും എട്ടാം ക്ലാസ് പാസ് ആയിരിക്കണം എന്ന വ്യവസ്ഥയുണ്ട്. 

2 ലക്ഷം രൂപവരെ നിക്ഷേപമുള്ള സ്ഥാപനങ്ങൾക്ക് സംരംഭകത്വ പരിശീലനം നിർബന്ധമില്ല. എന്നാൽ നിക്ഷേപം 2 ലക്ഷം മുതൽ  5 ലക്ഷം വരെയാണെങ്കിൽ അഞ്ചു ദിവസവും അതിനു മുകളിൽ 10 ദിവസവും പരിശീലനം നേടിയാലേ സബ്സിഡിക്ക് അർഹത ലഭിക്കുകയുള്ളൂ എന്നാണ് വ്യവസ്ഥ.മൂന്നു ലക്ഷം രൂപവരെയുള്ള സ്ഥിരനിക്ഷേപത്തിന് ഒരു തൊഴിൽ നൽകണം എന്ന വ്യവസ്ഥയുമുണ്ട്.

പങ്കാളിത്ത സ്ഥാപനങ്ങൾ, ലിമിറ്റഡ് കമ്പനികൾ,തുടങ്ങി കൃഷി‌ഫാമുകൾ, വാഹനങ്ങൾ, പുകയില, മദ്യം, മാംസം, ടെസ്റ്റിങ് ലാബുകൾ, പരിശീലന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജിംനേഷ്യം, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ ഒഴികെയുള്ള എല്ലാത്തരം സംരംഭ‌പ്രവൃത്തികൾക്കും വായ്പ ലഭിക്കുന്നതാണ് എന്നതായിരുന്നു പഴയ വ്യവസ്ഥ എങ്കിലും പുതിയ ഭേദഗതി‌പ്രകാരം വ്യവസ്ഥകളിൽ ഇളവുകൾ വരുത്തിയിട്ടുണ്ട്.

പൗൾട്രി–‌ഫിഷ് ഫാമുകൾ, ട്രാൻസ്പോർട്ടേഷൻ വാഹനം, വാൻ–ഓട്ടോ–ടാക്സികൾ, വെജിറ്റേറിയൻ -നോൺ വെജിറ്റേറിയൻ ഹോട്ടൽ, പശുവിനെ വളർത്തി പാൽ ഉൽപന്നം നിർമിക്കുന്ന ഫാം എന്നിവയ്ക്കു വായ്പ ലഭിക്കുന്നതാണ്. എരുമ, ആട്, ഒട്ടകം, കുതിര, കഴുത എന്നിവയുടെ ഫാമുകൾക്കും കോഴി, ടർക്കി, താറാവ്, തേനീച്ച വളർത്തലിനും വായ്പ ലഭിക്കുന്നതാണ്. കച്ചവടത്തിനു വ്യവസ്ഥകളോടെ വായ്പ ലഭിക്കും. ഖാദി പിഎംഇജിപി യൂണിറ്റുകളുടെ നിർമാണ–സേവന സ്ഥാപനങ്ങളുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ആണെങ്കിൽ പരിഗണിക്കുന്നതാണ്.

നിർമാണ സേവന സംരംഭങ്ങൾ തുടങ്ങുന്നവർക്ക് പരിധിയില്ലാതെ വായ്പ നൽകുന്ന ഈ സ്‌കീമിൽ നിർമാണ സ്ഥാപനത്തിന് ലഭിക്കുന്ന പരമാവധി സബ്സിഡി 50 ലക്ഷം‌വരെയും സേവന സ്ഥാപനത്തിന് ലഭിക്കുന്ന പരമാവധി സബ്സിഡി 20 ലക്ഷം രൂപ‌വരെയുമാണ്.

വായ്പയെടുത്തു സംരംഭം നടത്തുന്നവർക്ക് വിപുലീകരണത്തിനും ഇപ്പോൾ വായ്പ അനുവദിക്കുന്നുണ്ട്. നിർമാണസംരംഭത്തിന് ഒരു കോടി രൂപ‌വരെയും സേവനസംരംഭത്തിന് 20 ലക്ഷം രൂപ വരെയും രണ്ടാം വായ്പയായി അനുവദിക്കുന്നതാണ്.

പ്രത്യേക വിഭാഗങ്ങൾക്ക് ഗ്രാമപ്രദേശത്ത് 35 ശതമാനവും പട്ടണങ്ങളിൽ 25 ശതമാനവുമാണ് സബ്സിഡി. പൊതുവിഭാഗത്തിന് പഞ്ചായത്തിൽ 25 ശതമാനവും മുനിസിപ്പൽ–‌കോർപറേഷൻ പ്രദേശത്ത് 15ഉം ശതമാനവും സബ്സിഡിയാണ് ലഭിക്കുക. സ്ത്രീകൾ, എസ്‌സി–എസ്‌ടി വിഭാഗം, ഒബിസി, മതന്യൂനപക്ഷം, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവയെയാണ് പ്രത്യേക വിഭാഗമായി കണക്കാക്കുന്നത്.

സബ്സിഡി തുക ലഭിച്ചാൽ മൂന്നു വർഷത്തേക്കു ബാങ്കിൽ തന്നെ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചുകൊണ്ടു സംരംഭത്തിന്റെ പ്രവർത്തനം വിലയിരുത്തി വായ്പ കണക്കിലേക്കു സബ്സിഡി തുക വരവു‌വച്ചു നൽകുന്നതാണ്. ഈ സബ്സിഡി തുകയ്ക്കും വായ്പതുകയ്ക്കും ഒരേ പലിശയായിരിക്കണം എന്നും വ്യവസ്ഥയുണ്ട്. 

പദ്ധതി അപേക്ഷകളിൽ വനിതകൾക്ക് 30 ശതമാനവും ഒബിസിക്ക് 27 ശതമാനവും എസ്‌സിക്ക് 9.1 ശതമാനവും എസ്ടിക്ക് 1.45 ശതമാനവും മതന്യൂനപക്ഷങ്ങൾക്ക് 5 ശതമാനവും ഭിന്നശേഷിക്കാർക്ക് 3 ശതമാനവും വീതം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.

തിരിച്ചടവിനു മൂന്നു‌ മുതൽ ഏഴു വർഷംവരെ കാലാവധി ലഭിക്കുന്നതാണ്.

ഗ്രാമ–നഗര വ്യത്യാസം ഇല്ലാതെ എല്ലാ നിർവഹണ സ്ഥാപനങ്ങൾക്കും അപേക്ഷ സ്വീകരിക്കാം. ഖാദി‌ബോർഡ്, ഖാദി കമ്മിഷൻ, കയർ ബോർഡ് എന്നീ ഏജൻസികൾക്കും മുനിസിപ്പൽ പ്രദേശത്തെ അപേക്ഷകൾ കൈകാര്യം ചെയ്യാം. 

ഓൺലൈൻ ആയി‌വേണം അപേക്ഷിക്കാൻ. കൂടുയത്താൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കുക
 www.kviconline.gov.in

Comments

    Leave a Comment